Tuesday, May 4, 2010

ഇലത്തുമ്പില്‍ ഒരു ചെറു കണമായ്



ഉച്ചത്തില്‍ മൂളിയ കാറ്റും, എങ്ങോ മറഞ്ഞ രശ്മികളും

അമ്മയോട് പിണങ്ങി, പാതിമാഞ്ഞ പുഞ്ചിരിയുമായി

ഉമ്മറപ്പടിയിലേക്കോടിയോരോമല്‍ പൈതലും

നിന്‍റെ വരവിനെ വിളിച്ചോതുകയായിരുന്നു.

എന്‍റെയാത്മാവില്‍ ഒരു നനുത്ത സ്പര്‍ശമായ്

നീ വീണ്ടും എന്നരികിലെത്തിയിരിക്കുന്നു.

ജാലകപ്പടിയില്‍ നിന്നരികില്‍ ഒരിത്തിരി നേരം

എല്ലാം മറന്നു മിഴിപൂട്ടിയിരിക്കുമ്പോള്‍

കാതില്‍ നീ നല്‍കിയ മൃദുതാളം മാത്രം.

മുറ്റത്തെയാ ചെറുമണ്‍തരികളും പുല്‍ക്കൊടിയും

നിന്‍റെ വരവിനായ് കാത്തിരിക്കുകയായിരുന്നോ?

എപ്പോഴോ മിഴി തുറന്ന നേരമെന്‍ കാതില്‍

അവശേഷിച്ചതൊരു നേര്‍ത്ത സംഗീതം മാത്രം.

ഇലത്തുമ്പിലൊരു ചെറു കണമായ് മാറിയ നീ

എന്നെ നോക്കി പുഞ്ചിരിക്കും നേരം, പറയൂ. .

വീണ്ടുമൊരു കാത്തിരിപ്പിന് നേരമായോ?

എന്‍റെയാത്മാവില്‍ പെയ്തു നിറയാന്‍

എന്‍റെ പാട്ടിലെ ഈണമാവാന്‍

എന്നാണു നീ വീണ്ടുമെന്നരികില്‍ വരുക?


മാതൃ ഭാഷയില്‍ കവിത എന്ന ഉദ്യമം ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ്. ഒരു നല്ല സൃഷ്ടി എന്ന പൂര്‍ണ സംതൃപ്തി തോന്നുന്നില്ല. ചിന്തകള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മടിക്കാതെ എഴുതൂ...

3 comments:

  1. വായിച്ച് കഴിഞ്ഞപ്പോൾ ഒന്നു തിരിഞ്ഞ് നോക്കിയപോലെ തോന്നി.. വർഷങ്ങൾക്ക് പുറകിലോട്ട്.കൊള്ളാം. ഇനിയും എഴുതുക.

    ReplyDelete
  2. ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിത പോലെ മനോഹരം. നല്ല ഭാവന. കൊള്ളാം. എനിക്ക് ഇതുപോലെ എഴുതാന്‍ കഴിവില്ലല്ലോ എന്ന് അസൂയ ഉണ്ട് സഖാവെ :)

    ReplyDelete