Sunday, May 9, 2010

വിദ്യാരംഭം. . .



അപ്പച്ചന്‍റെയും അമ്മച്ചിയുടെയും ഒറ്റ പുത്രിയായി വിലസുന്ന കാലം. . ഒരു ജൂണ്‍ മാസം. . മഴ പെയ്യുകയും പള്ളിക്കൂടങ്ങള്‍ തുറക്കുകയും ചെയ്യുന്ന ആ കാലഘട്ടം. . എറണാകുളത്ത് ഇടപ്പള്ളിയില്‍ ഉള്ള ഒരു മഠം വക സ്കൂളില്‍ ആണ് ചേര്‍ത്തത്. അവിടെ പഠിപ്പിക്കുന്നത് കന്യാസ്ത്രീകള്‍ ആണ്.

ആദ്യ ദിവസം. കുട്ടിയെ സ്കൂളില്‍ കൊണ്ടുപോകാന്‍ കൂടെ രണ്ടു പേരും ഉണ്ട്. അപ്പച്ചനും അമ്മയും. . സ്കൂളില്‍ എത്തിയപ്പോള്‍ മുറ്റം നിറയെ മാതാപിതാക്കള്‍. കുട്ടികളെ എല്ലാം ക്ലാസ്സ്‌ മുറിയില്‍ ആക്കിയ ശേഷം ക്ലാസ്സ്‌ ടീച്ചര്‍ വാതിലടച്ചു. അന്തരീക്ഷത്തില്‍ മുഴുവന്‍ കുട്ടികളുടെ കരച്ചിലിന്‍റെ കാക്കിരി പീക്കിരി ശബ്ദം. ആ കൂട്ടത്തില്‍ എന്‍റെ ശബ്ദവും ഉണ്ടായിരുന്നു എന്ന സത്യം മറച്ചു വയ്ക്കുന്നില്ല. (അന്നൊക്കെ ഞാനൊരു വല്ലാത്ത വാശിക്കാരിയായിരുന്നു. ആ വാശിയൊക്കെ ഇപ്പൊ എവിടെ പോയാവോ! കാലക്രമേണ ഞാന്‍ ഒരു പാവം പെണ്‍കുട്ടിയായി രൂപാന്തരപ്പെട്ടു. മാറ്റങ്ങള്‍!!! ) പക്ഷെ ആ കരച്ചിലിന് പിന്നിലുള്ള അടിസ്ഥാന കാരണം വാശി ആയിരുന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. ആ കന്യാസ്ത്രീയുടെ വേഷമോ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞ ഒരു പിഞ്ചു പൈതലിന്‍റെ വിഷമമോ- ഇങ്ങനെ വേറെ കാരണങ്ങള്‍ ഏതെങ്കിലും ആയിരിക്കാം. അതിനും സാധ്യത ഉണ്ട്.

വാതില്‍ എപ്പോ തുറക്കുമെന്ന ചിന്തയുമായി ഒരുപാട് കുഞ്ഞു കണ്ണുകള്‍ വാതിലിനടുത്തേക്ക് നീണ്ടു. അപ്പോഴാണ്‌ ഒരു ചെറിയ സൂത്രം തോന്നിയത്. കരച്ചില്‍ ഒക്കെ നിര്‍ത്തി ടീച്ചറിനോട് പറഞ്ഞു - "എനിക്ക് മൂത്രമൊഴിക്കണം". ഉടനെ അവര്‍ വാതില്‍ തുറന്നു. (ടോയ്ലെട്ടിലേക്ക് പോകണമെങ്കില്‍ വാതിലിനു പുറത്തു കൂടിയാണ് വഴി. അത് എങ്ങനെയോ ഓര്‍ത്തു വച്ചിരുന്നു). തുറന്ന പാതി തുറക്കാത്ത പാതി "അമ്മച്ചീ" എന്ന് ഉറക്കെ കരഞ്ഞുകൊണ്ട്‌ ഓടി മുറ്റത്തെക്കിറങ്ങി. തൊട്ടടുത്ത് നിന്നിരുന്ന ഒരു അമ്പഴ മരത്തിനു അപ്പോള്‍ ഞാന്‍ കാരണം ഒരു അംഗഭംഗം സംഭവിക്കുമെന്ന് സത്യമായും അറിഞ്ഞില്ല. അമ്പഴമെ എന്നോട് ക്ഷമിക്കൂ. ഉടന്‍ തന്നെ അമ്പഴ മരത്തെ ഞെട്ടിപ്പിച്ചുകൊണ്ട്‌ അപ്പച്ചന്‍ അതിന്‍റെ ഒരു കൊമ്പ് ഒടിച്ചെടുത്തു. അതിനു ശേഷം ഓമനപ്പുത്രിയുടെ കാലിനിട്ട് അത് കൊണ്ട് പട പടാന്ന് രണ്ടടി. കാര്യം അംഗ ഭംഗം സംഭവിച്ചെങ്കിലും മരത്തിനു ഒരു കാര്യത്തില്‍ അഭിമാനിക്കാം. യാതൊരു വിധ മര്യാദയും ഇല്ലാതെ ഓടി വന്ന ഒരാളെ മര്യാദ പഠിപ്പിച്ചു വന്നതിലും വേഗത്തില്‍ തിരിച്ചു വിട്ടു.

വാശിയുടെ കാര്യം നേരത്തെ പറഞ്ഞത് ഓര്‍മയുണ്ടാകുമല്ലോ. അങ്ങനെ പെട്ടെന്നൊന്നും കരച്ചില്‍ നിര്‍ത്തില്ല എന്ന ഉദ്ദേശത്തില്‍ നിര്‍ത്താതെ ങ്ങീ ങ്ങീ എന്ന് കരഞ്ഞുകൊണ്ടിരുന്നു. ആ കാലഘട്ടത്തില്‍ ചക്ക വറുത്തത്‌ ഒരു ദൌര്‍‍ബല്യം ആയിരുന്നു. ഈ വിവരം അറിയാമായിരുന്ന അപ്പച്ചന്‍ ഉടനെ അടുത്തുള്ള കടയില്‍ പോയി ഒരു പാക്കറ്റ് ചക്ക വറുത്തത്‌ വാങ്ങി കയ്യില്‍ തന്നു. സ്വിച്ച് ഇട്ടതു പോലേ കരച്ചില്‍ നിന്നു. "ഞാന്‍ ഇത് ആര്‍ക്കും തരില്ല" എന്ന് അടുത്തിരുന്ന കുട്ടികളോടും "സിസ്റെറിനും തരില്ല" എന്ന് ക്ലാസ്സ്‌ ടീച്ചര്‍ ആയ സിസ്റെറിനോടും പറഞ്ഞു എന്നാണു പറയപ്പെടുന്നത്. അവര്‍ ആരും തന്നെ അത് ചോദിച്ചില്ല എന്നത് മറ്റൊരു സത്യം. എങ്കിലും ചോദിക്കും മുമ്പ് നമ്മള്‍ പറയണമല്ലോ. അതല്ലെ അതിന്‍റെ ഒരു ശരി!!

ഏതായാലും അരിയിട്ട കിണ്ണത്തില്‍ ഗുരുനാഥന്‍ ഹരിശ്രീ എഴുതിച്ചതായിരുന്നില്ല വിദ്യാരംഭം. സംഭവബഹുലമായ, സംഘര്‍ഷഭരിതമായ ഒന്ന്..

5 comments:

  1. "ആ കാലഘട്ടത്തില്‍ ചക്ക വറുത്തത്‌ ഒരു ദൌര്‍‍ബല്യം ആയിരുന്നു. "
    :))

    ethu kalaghattathilum malayaliku chakka oru dhavrbhalyam thanney :)

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. കാലക്രമേണ ഞാന്‍ ഒരു പാവം പെണ്‍കുട്ടിയായി രൂപാന്തരപ്പെട്ടു. മാറ്റങ്ങള്‍!!!

    ശരിക്കും? :)

    ReplyDelete
  4. ചക്കവറുത്തതിനു വേണ്ടി അമ്പഴമരത്തിന്റെ കമ്പുകൊണ്ടുള്ള ക്രൂരമർദ്ദനത്തിനു മുന്നിൽ ശിരസ്സുയർത്തി നിന്ന ധീരവനിതേ......

    നമോവാകം..

    ReplyDelete